National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടത്തുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക്.
സാമൂഹ്യപ്രവർത്തകനായ സോനം വാംഗ്ചുക്കും വിദ്യാർഥിസംഘടനയായ എഐഎസ്എയുടെ ആറു പ്രവർത്തകരും മറ്റ് ഒന്പത് വിദ്യാർഥികളും നടത്തുന്ന നിരാഹാരം ഒരാഴ്ചയോടടുക്കുമ്പോൾ പ്രവർത്തകരുമായി സമവായ ചർച്ചയ്ക്കുപോലും കേന്ദ്രം തയാറായിട്ടില്ല.
ജന്തർ മന്തറിലെ കനത്ത ചൂടിൽ വെള്ളം കുടിച്ചു മാത്രം നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില ഓരോ ദിവസം കഴിയുമ്പോഴും ശോഷിക്കുകയാണ്.
ദിവസത്തിൽ നാലു തവണ മെഡിക്കൽ അധികൃതരെത്തി നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്. ഭാരം ഓരോ ദിവസം കഴിയുമ്പോഴും കുറയുന്നതിനോടൊപ്പം രക്തസമ്മർദത്തിലും ഗുരുതരമായ വ്യതിചലനങ്ങൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
നിരാഹാരത്തിന്റെ തുടക്കത്തിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നവർ ഇന്നലെ ക്ഷീണം മൂലം കിടപ്പിലായിരുന്നു.
Kerala
കല്പ്പറ്റ: ജോലിയില്നിന്ന് പിരിച്ചുവിട്ട ഗോത്രബന്ധു മെന്റര് അധ്യാപകര് വയനാട് കളക്ടറേറ്റ് പടിക്കല് നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം പിന്വലിച്ചു. സമരസമിതി നേതാക്കളുമായി പട്ടികവര്ഗ വികസന മന്ത്രി കെ.എ. തുളസി തിരുവനന്തപുരത്ത് നടത്തിയ ചര്ച്ചയെത്തുര്ന്നാണ് എട്ട് ദിവസം മുമ്പ് ആരംഭിച്ച സമരം അവസാനിപ്പിച്ചത്.
മെന്റര് ടീച്ചര് നിയമനം വീണ്ടും നടത്തുമ്പോള് നിലവില് ജോലി ചെയ്തിരുന്നവര്ക്ക് വെയിറ്റേജ് മാര്ക്ക് നല്കുമെന്ന് സമരസമിതി പ്രതിനിധികള്ക്ക് മന്ത്രി ഉറപ്പുനല്കി.
മറ്റ് ഉറപ്പുകള്: പ്രത്യേക സമുദായങ്ങള്ക്ക് നീക്കിവച്ച തസ്തികകളില് ആ സമുദായത്തില്പ്പെട്ട ടിടിസി, ബിഎഡ് യോഗ്യതയുള്ളവര് ഇല്ലെങ്കില് മറ്റുസമുദായങ്ങളിലുള്ളവരെ ആദ്യം പരിഗണിക്കും. വിജ്ഞാപനത്തില് സര്ക്കാര് ഒഴിവാക്കിയ തച്ചനാടന് മൂപ്പന്, കാടര്, കരിമ്പാലന് തുടങ്ങിയ ഗോത്രവിഭാഗങ്ങള്ക്ക് നിയമനത്തിന് അവസരം നല്കും. 45 വയസുകഴിഞ്ഞ മെന്റര് അധ്യാപകരെ പട്ടികവര്ഗ വകുപ്പിന്റെ മറ്റു പദ്ധതികളില് പരിഗണിക്കും.
ആദിവാസി വിദ്യാര്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന പിന്തുണ ഉറപ്പാക്കാനും 2017ല് എല്ഡിഎഫ് സര്ക്കാര് നിയമിച്ച 326 ഗോത്ര അധ്യാപകരെയാണ് യുഡിഎഫ് സര്ക്കാര് പിരിച്ചുവിട്ടത്.
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില് ജോലി ചെയ്തിരുന്നവരാണ് ഇവര്. മെന്റര് അധ്യാപക വിഷയം പി.എ. മുഹമ്മദ് റിയാസ് എംഎല്എ നിയമസഭയില് ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമര സമിതി പ്രതിനിധികളെ മന്ത്രി ചര്ച്ചയ്ക്ക് വിളിച്ചത്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു ഡൽഹി ജന്തർ മന്തറിൽ ഒരാഴ്ചയായി നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കാലാവസ്ഥാ-സാമൂഹ്യ പ്രവർത്തകനായ സോനം വാംഗ്ചുക്ക് നിരാഹാരമിരിക്കും.
ധർമേന്ദ്ര പ്രധാന്റെ രാജി, ലഡാക്കിനു കൂടുതൽ അധികാരം എന്നീ രണ്ട് ആവശ്യങ്ങളിൽ ഏതെങ്കിലുമൊന്ന് ശനിയാഴ്ചയ്ക്കകം നടന്നില്ലെങ്കിൽ ഞായറാഴ്ച മുതൽ ജന്തർ മന്തറിൽ നിരാഹാരമിരിക്കുമെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
District News
പെരിന്തൽമണ്ണ: പാചകവാതക പ്രതിസന്ധി പരിഹരിക്കുക, വിതരണം സുഗമമാക്കുക, ഹോട്ടൽ വ്യവസായം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി സമിതി ആഹ്വാനം ചെയ്ത വിറകടുപ്പ് സമരം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി പോസ്റ്റോഫീസിന് മുന്നിൽ നടത്തി. വ്യപാരി സമിതി ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
സമിതി ഏരിയ പ്രസിഡന്റ് സലാം ഗൾഫോണ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ പ്രതിപക്ഷ നേതാവ് വി.രാഹുൽ, ബ്യൂട്ടീഷൻ സമിതി ഏരിയ സെക്രട്ടറി പത്മലത, കൗണ്സിലർ നെച്ചിയിൽ മൻസൂർ, ഇമേജ് ഹുസൈൻ, നന്ദിനി ജയരാജ്, ഏരിയ സെക്രട്ടറി പി.പി. അബ്ബാസ്, ടൗണ് യൂണിറ്റ് സെക്രട്ടറി കെ. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു. ആർ.എസ്. റിയാസ്, ഫൈസൽ മേലാറ്റൂർ, കൈപ്പുള്ളി റിയാസ്, പ്രസാദ്, പി.എം. നവാസ്, തുടങ്ങിയവർ നേതൃത്വം നൽകി.
District News
കടുത്തുരുത്തി: സംസ്ഥാന വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില് കടുത്തുരുത്തി പോസ്റ്റ് ഓഫീസ് പടിക്കല് പാചകവാതക ക്ഷാമത്തിനെതിരേ വിറകടുപ്പ് സമരം നടത്തി.
വ്യാപാരി വ്യവസായി സമിതി ഏരിയാ രക്ഷാധികാരി കെ. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രാജേഷ് മൂലയില് അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി ബേബിച്ചന് തൈയില്, സംസ്ഥാന സമിതിയംഗം അന്നമ്മ രാജു, ജില്ലാ കമ്മിറ്റിയംഗം സജീവ്, വ്യാപാരികള്, ടോമി മ്യാലില് തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
പേരൂര്ക്കട: സര്ക്കാര്ഡോക്ടര്മാരുടെ ഒപി ബഹിഷ്കരണവും നിരാഹാര സമരവും തുടരുന്നു. ഡോക്ടര്മാര്ക്ക് അര്ഹമായ ശമ്പള കുടിശിക ലഭ്യമാക്കുന്നത് സംബന്ധിച്ച് തീരുമാനം വൈകുന്നതാണ് സമരം തുടരാന് കാരണം.
സര്ക്കാരുമായി ചര്ച്ച നടത്താനുള്ള സാദ്ധ്യത തെളിഞ്ഞിരിക്കുന്നതിനാല് തിങ്കളാഴ്ച നടത്താനിരുന്ന പ്രതിഷേധ യോഗങ്ങളും ഡിഎംഇ ഓഫീസ് മാര്ച്ചും അധികച്ചുമതലകളില് നിന്നുള്ള കൂട്ടരാജിയും ബുധനാഴ്ചത്തേക്ക് മാറ്റിവച്ചതായി ഡോക്ടര്മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.
ഒപി ബഹിഷ്കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണവും തുടരുമെന്നും അക്കാഡമിക് ബഹിഷ്കരണം നടത്തുമെന്നും ഡോക്ടര്മാര് അറിയിച്ചിട്ടുണ്ട്. സീനിയര് ഡോക്ടര്മാര് ഒപിയില് ഇല്ലാത്തതിനാല് രോഗികളുടെ എണ്ണം തുലോം കുറവാണ്. ഇന്നും തിരുവനന്തപുരം മെഡിക്കല്കോളജിലെത്തിയ ഡോക്ടര്മാരുടെ എണ്ണം വളരെ കുറവായിരുന്നു.
ഡോക്ടര്മാരുടെ ശമ്പള കുടിശിക ഇതുവരെ നല്കാത്തതിനുള്ള പരിഹാരത്തിനായുള്ള ഫയല് ധനകാര്യ വകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര് എല്ലാം അംഗീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രിയുടെ അടുത്ത് രണ്ടാം തവണയും എത്തിയിട്ടുണ്ടെങ്കിലും മന്ത്രിയുടെ ഭാഗത്തുനിന്നും ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല.
ധനമന്ത്രിയുമായി സംസാരിക്കാമെന്ന് മുഖ്യമന്ത്രി ഡോക്ടര്മാരെ അറിയിച്ചിരുന്നുവെങ്കിലും അവര് തമ്മില് ചര്ച്ച നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെയും ഡോക്ടര്മാരെ അറിയിച്ചിട്ടില്ല. സര്ക്കാര് ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം സമരം കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ചികിത്സയുമായി ബന്ധപ്പെട്ടതും അക്കാഡമികവും ഭരണപരവുമായ വിവിധ പദ്ധതികളുടെ നോഡല് ഓഫീസര്മാര്, കോ-ഓര്ഡിനേറ്റര്മാര് തുടങ്ങിയ എല്ലാ അധിക ചുമതലകളില് നിന്നും ഡോക്ടര്മാര് കൂട്ടരാജിക്കൊരുങ്ങുകയാണ്.
അത് ഒന്നുരണ്ടു ദിവസത്തിനുള്ളില് ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിയമ തടസങ്ങള് ഇല്ല എന്ന് നിയമവകുപ്പിന്റെ അഭിപ്രായം ലഭിക്കുകയാണെങ്കില് ശമ്പള കുടിശിക നല്കാമെന്ന് ആരോഗ്യ-ധന മന്ത്രിമാരുടെ സാന്നിധ്യത്തില് നടത്തിയ ചര്ച്ചയിലെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഡോക്ടര്മാര്ക്ക് ശമ്പളം അനുവദിക്കുന്നതിന് നിയമ തടസങ്ങള് ഇല്ല എന്ന് നിയമവകുപ്പില് നിന്ന് അനുകൂലമായ നിയമോപദേശം ലഭിച്ച് രണ്ടാഴ്ചയിലേറെ ആയി.
Kerala
മഞ്ചേരി: അധികൃതരുടെ കടുത്ത അവഗണനയില് പ്രതിഷേധിച്ച് മഞ്ചേരി ഗവണ്മെന്റ് നഴ്സിംഗ് കോളജ് വിദ്യാർഥികള് സൂചനാ നിരാഹാര സമരം നടത്തി. ഇന്ന് രാവിലെ ഒമ്പതിന് മഞ്ചേരി ബസ് സ്റ്റാന്ഡില് നിന്ന് പ്രതിഷേധ ജാഥ ആരംഭിച്ചു. ആശുപത്രി പരിസരം ചുറ്റി മെഡിക്കല് കോളജ് കാമ്പസില് എത്തിയ വിദ്യാർഥികള് വൈകുന്നേരം നാലുവരെ നിരാഹാര സമരം നടത്തും.
2022ല് മെഡിക്കല് കോളജ് കെട്ടിടത്തില് പ്രവര്ത്തനമാരംഭിച്ച ഈ കോളജിന് ശേഷം നിലവില് വന്ന സംസ്ഥാനത്തെ മറ്റ് നഴ്സിംഗ് കോളജുകള്ക്കെല്ലാം ആവശ്യമായ സൗകര്യങ്ങള് ലഭ്യമായപ്പോഴും, മഞ്ചേരിയോടുള്ള വിവേചനം തുടരുന്ന പശ്ചാത്തലത്തിലാണ് വിദ്യാർഥികള് പ്രതിഷേധം ശക്തമാക്കുന്നത്.
കോളജിനായി നിശ്ചയിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല് നടപടികള് വൈകുന്നതും സ്വന്തമായി കോളജ് കെട്ടിടമോ ഹോസ്റ്റല് സംവിധാനമോ ഇല്ലാത്തതും വിദ്യാർഥികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
233 വിദ്യാർഥികള് പഠിക്കുന്ന കോളേജില് പ്രിന്സിപ്പലും വൈസ് പ്രിന്സിപ്പലും ഉള്പ്പെടെ വെറും ഏഴ് സ്ഥിരം അധ്യാപകര് മാത്രമാണുള്ളത്. അധ്യാപകരുടെ ഈ കടുത്ത കുറവ് പഠനത്തെ സാരമായി ബാധിക്കുന്നു. കോളജ് ബസ് അനുവദിക്കുമെന്ന അധികൃതരുടെ വാഗ്ദാനം വെറും വാക്കിലൊതുങ്ങുകയാണ്.
ബസ് വരും എന്ന ഉറപ്പല്ലാതെ പ്രായോഗികമായി യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും, മറ്റ് കോളേജുകള്ക്ക് ബസ് ലഭിച്ചപ്പോഴും മഞ്ചേരിയിലെ ആവശ്യം അവഗണിക്കപ്പെടുകയാണെന്നും വിദ്യാർഥികള് പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇന്ത്യന് നഴ്സിംഗ് കൗണ്സില് അംഗീകാരം തന്നെ നഷ്ടമാകുമെന്ന ഭീതിയിലാണ് വിദ്യാർഥികള്. സമരത്തില് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില് വരും ദിവസങ്ങളില് സമരം അനിശ്ചിതകാല നിരാഹാരത്തിലേക്ക് മാറ്റാനാണ് വിദ്യാർഥികളുടെ തീരുമാനം.
District News
കൊട്ടിയം:പറക്കുളം മുതൽ മൈലക്കാട് വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായി പറക്കുളം ജനകീയ സമിതിയുടെ നേതൃത്വത്തിൽ പറക്കുളത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
മൈലക്കാട്ട് ഉയരപ്പാതയും സർവീസിനോടും തകർന്ന പശ്ചാത്തലത്തിലാണ് ആദ്യം റോഡിൽ വിള്ളൽ രൂപപ്പെട്ട പറക്കുളത്ത് നാട്ടുകാർ ചേർന്ന് ജനകീയ സമിതി രൂപീകരിച്ചു സമരം ആരംഭിച്ചിട്ടുള്ളത്.
ആദ്യദിവസം നിരാഹാര സമരം അനുഷ്ഠിക്കുന്നസമരസമിതി ചെയർമാൻ കുഴിവേലിൽ നാസറിന് ഷാൾ അണിയിച്ചു.
എം. നൗഷാദ് എംഎൽഎ സമരപരിപാടികൾ ഉദ്ഘാടനം ചെയ്തു.കെപിസിസി സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ , മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ജവാബുറഹമാൻ, ഗ്രാമപഞ്ചായത്ത്മെമ്പർമാരായ അലീഷ കെട്ടിടത്തിൽ. എസ്.ശരണ്യ, നസീറാ നാസർ, കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. അജിത് കുമാർ, റൈസിംഗ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് എസ്.കബീർ , സെക്രട്ടറി എസ്. പളനി , എസ്.സുധീർ റോയൽ, എസ്.രാജീവ്. പുല്ലാങ്കുഴി സന്തോഷ്, സമീർ റോയൽഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു.
Kerala
തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ. തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഈശ്വർ ഭക്ഷണം ഒഴിവാക്കി.
വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്.
അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസില് റിമാൻഡിലായ രാഹുൽ ഈശ്വർ പോലീസിനെ വിമർശിച്ച് രംഗത്ത്. പോലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. കോടതിയിൽ പോലീസ് പച്ചക്കള്ളമാണ് പറഞ്ഞത്.
മഹാത്മഗാന്ധിയുടെ പാതയിൽ ജയിലിൽ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷൻമാർക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരമാണെന്നും രാഹുൽ പറഞ്ഞു. കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പോലീസ് വിലക്കിയെങ്കിലും വാഹനത്തിലിരുന്ന് തന്റെ നിലപാട് രാഹുൽ വിളിച്ചു പറയുകയായിരുന്നു.
14 ദിവസത്തേക്ക് റിമാൻഡു ചെയ്ത രാഹുൽ ഈശ്വറിനെ ഉടൻ പൂജപ്പുര ജില്ലാ ജയിലിൽ എത്തിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ വീഡിയോകൾ പരിശോധിച്ച ശേഷമാണ് ജഡ്ജി റിമാൻഡ് ചെയ്ത്.
പോലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി അറിയിച്ചു.
Kerala
കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറ അനിശ്ചിതകാല നിരാഹാര സമരവുമായി രംഗത്തെത്തി. അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാരം ഇരിക്കുന്നത്.
ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സമരസമിതിയുടെ ആരോപണം. അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പോലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്.